നാദാപുരം: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വായാട് ഉന്നതി വേലിയേരി ഹൗസില്‍ വി.സി. സുനിലിന്റെ (40) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. സുനിലിന്റെ വേര്‍പാടില്‍ നാടൊന്നാകെ കണ്ണീരണിഞ്ഞപ്പോള്‍, മേഖലയില്‍ അതിരൂക്ഷമായി തുടരുന്ന കാട്ടുമൃഗശല്യത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി.
സുഹൃത്തുക്കളും ബന്ധുക്കളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിന് പേരാണ് സുനിലിനെ അവസാനമായി ഒരുനോക്കു കാണാനായി വീട്ടിലേക്ക് എത്തിയത്. ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനായ സുനില്‍ ഓണാഘോഷ അവധിക്കാണു വീട്ടിലെത്തിയത്.
ശനിയാഴ്ച രാവിലെ 11ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കൃഷിയിടത്തില്‍നിന്ന് കാട്ടുപോത്തിനെ തുരത്തുന്നതിനിടയിലാണ് സുനിൽ ആക്രമണത്തിനിരയായത്. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ സുനില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഇന്നലെ രാവിലെ11ഓടെ മൃതദേഹം സംസ്കരിച്ചു. അതിനിടെ, സുനിലിന്റെ മരണത്തില്‍ നാട് വിറങ്ങലിച്ചിരിക്കേ പിതൃസഹോദരപുത്രന് ജിജീഷ് (35) ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി മരിച്ചത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വലിയ ആഘാതമായി.
അഞ്ചുലക്ഷം കൈമാറി
ദുരന്തത്തിന് പിന്നാലെ അധികൃതരും ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സുനിലിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതില്‍ ആദ്യഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറി. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന അക്രമകാരിയായ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ഉടന്‍ ഉത്തരവിറക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് നിലവില്‍ പ്രതിഷേധം അവസാനിച്ചത്. സംഭവസ്ഥലത്ത് വനംവകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.
സുനിലിന്റെ ബന്ധു കുഴഞ്ഞുവീണു മരിച്ചു
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന് നഷ്ടമായ വേലിയേരി വി.സി. സുനിലിന്റെ (40) പിതൃസഹോദര പുത്രന് ജിജീഷ് (35) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വട്ടോളി ഗവ. എല്‍പി സ്കൂള്‍ ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിജീഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. സുനിലിന്റെ ഉന്നതിയില്‍ തന്നെയാണ് ജിജീഷിന്റെയും വീട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അച്ഛന്: രാരപ്പന്‍ (റിട്ട. ആര്‍മി). അമ്മ: അമ്മിണി. സഹോദരങ്ങള്‍: മനോജന് (കുറ്റിക്കാട്ടൂര്‍ ഗവ. സ്കൂള്‍), ജിജി.